റവന്യൂ വകുപ്പ്. പരിഷ്കാര നിർദ്ദേശങ്ങൾ

From
T. J Joseph
Adhikarathil
Kumaranalloor P. O
Kottayam. 686016
Mob. 9447464502

To
The Secretary.
Revenue Department 
Thiruvananthapuram

 സർ

 റവന്യൂ വകുപ്പിന്റെ സമഗ്ര പരിഷ്കരണത്തിന് ഉതകുന്ന ഏതാനും നവീകരണ നിർദ്ദേശങ്ങൾ ഇതോടൊപ്പം സമർപ്പിക്കുന്നു. ആയത് വിവിധ ചര്‍ച്ച ചെയ്തു  പരിഗണിച്ച് നടപ്പാക്കാവുന്നവ നടപ്പാക്കാമെന്ന് അപേക്ഷിക്കുന്നു.

❤️1. ഫ്രണ്ട്  ഓഫീസ് സംവിധാനം (Front Office system)
 * ഇത് ദീർഘകാലമായുള്ള ഒരു ആവശ്യമാണ്.
 * വകുപ്പിൽ ഇത് നടപ്പിലാക്കാൻ യാതൊരുവിധ പണച്ചെലവുമില്ല.
 * വകുപ്പ് സേവനപ്രദാനത്തിനായി നിലവിൽ ഉപയോഗിക്കുന്ന ReLIS, revenue.kerala.gov.in, e-Office, e-District തുടങ്ങിയ ഏത് വെബ് പോർട്ടലിലും ഇത് വളരെ എളുപ്പത്തിൽ സംയോജിപ്പിക്കാൻ സാധിക്കും.
 * ഉദാഹരണത്തിന്, റവന്യൂ മിത്രം പോർട്ടലിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകാനുള്ള സംവിധാനമുണ്ട്. വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും അതിൽ മാപ് ചെയ്തിട്ടുമുണ്ട്. അതിൽ പരാതികൾക്കൊപ്പം അപേക്ഷകൾ കൂടി സ്വീകരിക്കുകയാണെങ്കിൽ അത് ഫലപ്രദമായ ഒരു ഫ്രണ്ട് ഓഫീസ് മോഡ്യൂളായി പ്രവർത്തിപ്പിക്കാം. ഇതിനായി ഏതാനും മണിക്കൂർ നേരത്തെ സോഫ്റ്റ് വെയർ പരിഷ്കരണം മാത്രം നടത്തിയാൽ മതിയാകും.

❤️ 2. മുൻഗണനാ ക്രമം പാലിക്കൽ (Queue system)
 * വകുപ്പിലെ ജീവനക്കാർ പലപ്പോഴും വിജിലൻസിന്റെ പിടിയിലകപ്പെടുന്നത് മുൻഗണനാ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതിരിക്കുമ്പോഴാണ്.
 * ഫലപ്രദമായ ഒരു ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുകയും, അതുവഴി ഓൺലൈനായും ഓഫ്‌ലൈനായും സേവനത്തിനായുള്ള അപേക്ഷകളും പരാതികളും സമർപ്പിക്കാനുള്ള മാർഗ്ഗം ഉണ്ടാക്കുകയും ചെയ്യണം. ഇവയെല്ലാം ഒരു സംയോജിത ഡാഷ് ബോർഡിലേക്ക് സന്നിവേശിപ്പിച്ചാൽ മുൻഗണനാക്രമം പാലിക്കപ്പെടാനും അത് കൃത്യമായി നിരീക്ഷിക്കാനും സാധ്യമാകും.

❤️ 3. ഡാഷ് ബോർഡ് (Dash board)
 * റവന്യൂ സേവനങ്ങൾക്കായി പൊതുജനങ്ങൾ വിവിധ പോർട്ടലുകളെയാണ് ആശ്രയിക്കുന്നത്. ഇവയെല്ലാം ഒരു കുടക്കീഴിലേക്ക് കൊണ്ടുവരികയെന്നതാണ് വകുപ്പിന്റെ ആത്യന്തിക ലക്ഷ്യമെങ്കിലും അതിന് സമയവും പണ നിക്ഷേപവും അനിവാര്യമാണ്.
 * എന്നാൽ വിവിധ പോർട്ടലുകളിലെ വിവരങ്ങൾ ഒരു പൊതു ഡാഷ് ബോർഡിലേക്ക് സംഗ്രഹിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്. ഇതിനുള്ള ശ്രമം സ്റ്റേറ്റ് ഐ.ടി സെൽ ആരംഭിച്ചതായി അറിയുന്നു, എന്നാൽ ഇടക്കാലത്ത് നിലച്ചുപോയ ഇത് പുനരുജ്ജീവിപ്പിക്കണം.
 * ഡാഷ് ബോർഡ് എൻട്രികൾ മോണിറ്റർ ചെയ്യാനായി ഓരോ ഓഫീസിലും ഒരു ഉദ്യോഗസ്ഥന് ചുമതല നൽകണം. വില്ലേജ് ഓഫീസുകളിൽ ഇത് VFA-യ്ക്കും, താലൂക്ക്-കളക്ടറേറ്റുകളിൽ ഇത് ഐ.ടി ക്ലാർക്കുമാർക്കും നൽകാം.
 * ഓരോ എൻട്രിക്ക് നേരെയും സേവനം ലഭ്യമാക്കാൻ അവശേഷിക്കുന്ന ദിവസങ്ങളുടെ എണ്ണവും, എൻട്രി അപ്‌ഡേറ്റ് ചെയ്ത തീയതിയും കാണാനാകണം. ഈ വിവരം റഫറൻസ് ഐ.ഡി ഉപയോഗിച്ച് അപേക്ഷകന് പരിശോധിക്കാനും സാധിക്കണം.

4. ഉദ്യോഗസ്ഥ തല ഉത്തരവാദിത്തം (Accountability)
 * ഖണ്ഡിക 3-ൽ പ്രതിപാദിച്ച ഡാഷ് ബോർഡിലൂടെ ഇത് വളരെ എളുപ്പത്തിൽ സാധ്യമാക്കാം.
 * നിലവിൽ ഓഫീസ് ജോലികളിൽ അവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും പങ്കാളിത്തം നിയമപരമായി ഏൽപ്പിച്ചുകൊടുത്തിട്ടില്ല. സേവന പ്രദാനം ഐ.ടി അധിഷ്ഠിതമാക്കിയപ്പോൾ രൂപപ്പെട്ട ഒരു വലിയ വിടവ് (critical gap) ആണിത്.
 * ഉദാഹരണത്തിന്, വില്ലേജ് ഓഫീസിലെ പ്രവർത്തനങ്ങളിൽ 90 ശതമാനത്തിലും ആ ഓഫീസിലെ ഇതര ഉദ്യോഗസ്ഥരുടെ പങ്കാളിത്തം നിയമപരമായി (അഥവാ നടപടിക്രമം അനിവാര്യമാക്കുന്ന തരത്തിലുള്ള ഒരു ജോലി ക്രമീകരണം - work flow) അല്ല ഉള്ളത്. ഇത് തീരുമാനമെടുക്കുന്നതിലുള്ള കാലതാമസത്തിനും ആത്യന്തികമായി സേവനം ലഭ്യമാക്കുന്നതിന് തടസ്സവുമായി ഭവിക്കുന്നു.
 * ഇതിന് പരിഹാരമായി, സർട്ടിഫിക്കറ്റ് അപേക്ഷയുടെ ആദ്യഘട്ടമായ പ്രൊസസ്സിങ്, പോക്കുവരവിനായി സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് അയക്കുന്ന അപേക്ഷകൾ എന്നിവ വില്ലേജ് അസിസ്റ്റന്റിന്റെയോ SVO-യുടെയോ അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന work flow ഏർപ്പെടുത്താം. ഇതുവഴി ഓരോ ഉദ്യോഗസ്ഥനും ഓരോ ദിവസവും ചെയ്ത ജോലിയും ടിയാന്റെ ഓരോ ദിവസത്തെയും കുടിശ്ശികയും (ഉണ്ടെങ്കിൽ) ഡാഷ് ബോർഡ് വഴി വിലയിരുത്താം.

❤️ 5. ഇ-ഓഫീസ് (e-Office)
 * വകുപ്പിന്റെ ആവശ്യത്തിനുതകുമാറ് ഇ-ഓഫീസ് customise ചെയ്യാനുള്ള ശ്രമമുണ്ടാകണം.
 * സന്ദേശ് ആപ് ഇൻ്റഗ്രേറ്റ് ചെയ്യുന്നതിലൂടെ ഉത്തരവുകളും അറിയിപ്പുകളും പൊതുജനത്തിന് നേരിട്ട് നൽകാനാകും.
 * ഓഫീസുകൾക്കിടയിൽ കത്തുകൾ അയക്കുന്നതിനുപകരം ഫയൽ തന്നെ നേരിട്ട് അയക്കുന്ന രീതി പരിഗണിക്കാവുന്നതാണ്.
 * ഇ-ഓഫീസ് സിറ്റിസൺ പോർട്ടൽ കൂടുതൽ ആകർഷകമാക്കാനായി e-application മോഡ്യൂൾ തിരിച്ചുകൊണ്ടുവരുന്ന കാര്യവും പരിഗണിക്കാം.

❤️ 6. ഇ-ഓഫീസ്, ഫയൽ മൈഗ്രേഷൻ (e-Office, File Migration)
 * എല്ലാ റവന്യൂ ഓഫീസുകളിലും ഫയൽ നീക്കത്തിനായി ഇ-ഓഫീസ് സംവിധാനം ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും ഇപ്പോഴും പഴയ മാനുവൽ ഫയലുകളും സമാന്തരമായി കൈകാര്യം ചെയ്തു വരുന്നുണ്ട്.
 * സമയബന്ധിതമായി ഫയൽ മൈഗ്രേഷൻ പൂർത്തിയാക്കി റവന്യൂ ഓഫീസുകൾ ആധുനികവത്കരിക്കേണ്ടതുണ്ട്. ഇത് സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കും.

❤️ 7. സന്ദേശ് ആപ് ഉപയോഗിക്കൽ (Use of SANDES app)
 * സർക്കാർ ഓഫീസുകളുടെ ഉപയോഗത്തിനായി (G to G & G to C ആശയവിനിമയം) നടപ്പിലാക്കിയ ഈ സംവിധാനം വകുപ്പ് ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളുമായും ഇൻ്റഗ്രേറ്റ് ചെയ്യണം. ഇതുവഴി അപേക്ഷകരുമായി നേരിട്ട് (പേപ്പർ രഹിതമായി) സംവദിക്കാനാകും.
 * റെലിസ് പോർട്ടൽ സന്ദേശ് ആപുമായി സംയോജിപ്പിച്ചിട്ടുള്ളതിനാൽ ഭൂനികുതി ഒടുക്കുമ്പോൾത്തന്നെ ഭൂവുടമകളുടെ ഫോണിൽ അതിന്റെ pdf പകർപ്പ് ഇപ്പോൾത്തന്നെ ലഭ്യമാകുന്നത് ഇതിന് ഉദാഹരണമാണ്.
 * നോട്ടീസുകൾ സേർവ് ചെയ്യുന്ന സാമ്പ്രദായിക രീതി തന്നെ ഇതുപയോഗിച്ച് മാറ്റുകയും, അതുവഴി ലാഭിക്കുന്ന മനുഷ്യാധ്വാനം മറ്റ് ക്രിയാത്മക പ്രവർത്തനങ്ങൾക്കായി വകുപ്പിന് ഉപയോഗപ്പെടുത്തുകയും ചെയ്യാം.

❤️8. ലാന്റ് ട്രിബ്യൂണലുകളുടെ ശാക്തീകരണം (Strengthening of Land Tribunals)
 * സംസ്ഥാനത്തെ പട്ടയ വിതരണത്തിന്റെ കേന്ദ്രങ്ങളാണിവയെങ്കിലും അവ നാളിതുവരെ ആധുനീകരിച്ചിട്ടില്ല. പട്ടയ നടപടികൾ ഒട്ടും ഡിജിറ്റലല്ല. പട്ടയ സംബന്ധമായ യാതൊരു സേവനവും പൊതുജനത്തിന് ഓൺലൈനായി ലഭ്യമാക്കിയിട്ടില്ല.
 * റവന്യൂ വകുപ്പിന്റെ വളരെ പ്രധാനപ്പെട്ട ഈ ഓഫീസുകളെ തീർത്തും അവഗണിക്കുന്നത് ശരിയല്ല. റെലിസ് സോഫ്റ്റ്‌വെയറിൽ ഒരു പട്ടയ മോഡ്യൂൾ അവതരിപ്പിച്ച് പട്ടയ വിതരണം ഡിജിറ്റലാക്കി മാറ്റാം.
 * അപ്പലേറ്റ് ബോഡികളിലും സോണൽ ലാന്റ് ബോർഡുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഇവയും ആധുനികവത്കരിക്കേണ്ടതുണ്ട്.

❤️ 9. കണക്ടിവിറ്റി പരിഷ്കരണം (Connectivity modernization)
 * ഡാറ്റാ സേവനങ്ങൾക്കായി വകുപ്പ് BSNL നെയാണ് ആശ്രയിക്കുന്നത്. എന്നാൽ ടെലികോം രംഗം വളരെയധികം വികസ്വരമായ നിലവിലെ സാഹചര്യത്തിൽ മികച്ച സേവനം നൽകുന്ന മറ്റ് സേവന ദാതാക്കളെയും പരിഗണിക്കാവുന്നതാണ്. ഇതിനായി 'One department - one network' എന്ന ആശയം രൂപപ്പെടുത്തിയെടുക്കാം.
 * Voice call കൾ സൗജന്യമായ സാഹചര്യത്തിൽ CUG എന്ന ആശയം പുനഃപരിശോധിക്കാം.
 * വലിയ തോതിൽ സേവനം വാങ്ങുന്ന ഒരു വകുപ്പ് എന്ന നിലയ്ക്ക് മികച്ച ഡാറ്റാ പ്ലാനുകൾ വിലപേശി വാങ്ങാനാകും. ഇതിന്റെ നേട്ടം എല്ലാ റവന്യൂ ജീവനക്കാർക്കും ലഭ്യമാക്കാനും സാധിക്കും.

❤️ 10. IT- സ്വയം പര്യാപ്തത (IT Self-sufficiency)
 * ഐ.ടി അധിഷ്ഠിത സേവന പ്രദാനത്തിന് അത്യന്താപേക്ഷിതമായി വേണ്ടത് എല്ലാ പശ്ചാത്തല സൗകര്യങ്ങളും കൃത്യമായി പ്രവർത്തിക്കുകയെന്നതാണ്.
 * ഹാർഡ്‌വെയറുകളുടെ കൃത്യമായ കേടുപാടുകൾ തീർക്കൽ, നെറ്റ്‌വർക്ക് തടസ്സങ്ങൾ സംഭവിക്കുമ്പോൾ പകരം വെക്കാനുള്ള സംവിധാനങ്ങളുടെ ലഭ്യത, കൂടുതൽ സമയം പവർ ബാക്ക്അപ്പ് നൽകാനാകുന്ന UPS സംവിധാനം എന്നിവയെല്ലാം നിലനിർത്തുന്നതിനായി ജില്ലാ തലത്തിലോ താലൂക്ക് തലത്തിലോ എളുപ്പത്തിൽ വിനിയോഗിക്കാനാകുന്ന തരത്തിലുള്ള ഒരു ഫണ്ട് സ്വരൂപിക്കുക എന്നതാണ് 'IT- സ്വയം പര്യാപ്തത' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഫണ്ടുപയോഗിച്ച് മേൽപ്പറഞ്ഞ സൗകര്യങ്ങൾ 24X7 നിലനിർത്താം.
 * ഫണ്ട് കണ്ടെത്താനായി വകുപ്പ് ജനറേറ്റ് ചെയ്യുന്ന ഓരോ രസീതിന്മേലും 1 രൂപ IT-cess / IT charge ചുമത്തുകയും അത് പ്രസ്തുത അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യാവുന്നതാണ്. ഇ-ഡിസ്ട്രിക്റ്റ് വഴി ഓരോ സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കപ്പെടുമ്പോഴും 5/- രൂപ District e-Governance society-ക്ക് ലഭിക്കുന്നതുപോലെയുള്ള ഒരു ക്രമീകരണം ഇതിനായി പരിഗണിക്കാം.

❤️ 11. സോഫ്റ്റ്‌വെയറുകൾക്കിടയിലുള്ള വിവര കൈമാറ്റം (Data sharing between software systems)
 * റവന്യൂ വകുപ്പ് ഉപയോഗിച്ചുവരുന്ന വിവിധ സോഫ്റ്റ്‌വെയറുകൾക്കിടയിൽ പോലും വിവര വിനിമയം നിലവിലില്ല. എല്ലാം പരസ്പരം വേറിട്ടു കിടക്കുന്ന ദ്വീപുകളെപ്പോലെയാണ്.
 * അവ തമ്മിൽ വിവരങ്ങൾ കൈമാറുന്നതോടൊപ്പം അന്യ വകുപ്പുകളുമായും ഇത്തരത്തിലുള്ള വിവര കൈമാറ്റത്തിന് വകുപ്പ് മുൻകൈയെടുക്കണം. റെലിസ് ഡാറ്റ രജിസ്ട്രേഷൻ വകുപ്പുമായി ഉപാധികളോടെ പങ്കുവെക്കുകയും പകരം രജിസ്ട്രേഷൻ വിവരങ്ങൾ തിരികെ വാങ്ങുകയും വേണം.
 * അതുപോലെ ഭൂസംബന്ധമായ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങളുമായി പങ്കുവെക്കുന്നതിന് പകരമായി കെ-സ്മാർട്ട് ആപ്ലിക്കേഷനിലേക്ക് റവന്യൂ വകുപ്പിന് പരിമിതമായ പ്രവേശം സാധ്യമാക്കണം.

❤️ 12. ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമത വിയിരുത്തൽ (Performance evaluation of employees)
 * മികച്ച രീതിയിൽ സംവിധാനം ചെയ്യപ്പെട്ട ഒരു ഡാഷ് ബോർഡിലെ വിവരങ്ങൾ ഉദ്യോഗസ്ഥരുടെ പ്രവർത്തന മികവിന്റെയോ അതിന്റെ അഭാവത്തിന്റെയോ നേർക്കാഴ്ചയായിരിക്കും.
 * ഇത് കേന്ദ്രീകൃതമായി നിരീക്ഷിക്കപ്പെടുന്നു എന്നുവരികിൽ തീർച്ചയായും അത് ഉദ്യോഗസ്ഥരിൽ കർത്തവ്യ ബോധവും ക്രിയാത്മകമായ മത്സര ബുദ്ധിയും വളർത്താനിടയാക്കും.

❤️13. ഓഫീസുകളുടെ പ്രവർത്തന ക്ഷമത വിലയിരുത്തൽ (Assessment of operational efficiency of offices)
 * ഉദ്യോഗസ്ഥർക്കെന്നപോലെ സംസ്ഥാനത്തെ ഓരോ റവന്യൂ ഓഫീസിനും ഒരു പ്രവർത്തനക്ഷമതാ സൂചികയുണ്ടാക്കാനാകും.
 * അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന്റെ വിവരങ്ങൾ ചേർത്ത് ഓഫീസുകളുടെ പ്രവർത്തന മികവ് അനുസരിച്ച് അവയെ റേറ്റ് ചെയ്യുന്ന സംവിധാനം ഡാഷ് ബോർഡിൽ നിഷ്പ്രയാസം കൊണ്ടുവരാനാകും.

❤️14. ഓഫീസ് തല കുടിശ്ശിക ലിസ്റ്റ് എല്ലാ മാസവും ഓൺലൈനായി പ്രസിദ്ധീകരിക്കൽ (Monthly online publication of office-level arrears list)
 * റവന്യൂ ഓഫീസുകളിൽ ചിലതെങ്കിലും 'black hole' കളാണെന്നും അവയിൽ അകപ്പെടുന്നതൊന്നും പിന്നീട് ലോകം കാണാറില്ലെന്നുമുള്ള ഒരു ഫലിതം നിലവിലുണ്ട്. അത് പൂർണ്ണമായും മാറ്റിയെടുക്കാൻ ഇത് ഉപകരിക്കും.
 * ഓരോ ഓഫീസിലും പൊതുജനത്തിന് നൽകേണ്ട എത്ര അപേക്ഷകൾ (അപേക്ഷകരുടെ പേരുവിവരം സഹിതം) ബാക്കിയുണ്ടെന്ന് പ്രസിദ്ധീകരിക്കുകയാണ് ഇതിനുള്ള ഉപാധി. ഏതെങ്കിലും എൻട്രികൾ വിട്ടുപോയിട്ടുണ്ടെങ്കിൽ അത് കൂട്ടിച്ചേർക്കാനുള്ള സംവിധാനവും അതിൽ ഒരുക്കാം. ഇതെല്ലാം ഓട്ടോമേറ്റഡ് ആയി ഡാഷ് ബോർഡിൽ നിന്ന് ജനറേറ്റ് ചെയ്യാവുന്നതായിരിക്കുകയും വേണം.

❤️15. സംസ്ഥാനമാകെ ഏകീകൃത നടപടിക്രമങ്ങൾ സ്വീകരിക്കൽ (Adoption of uniform procedures across the state)
 * സംസ്ഥാനത്ത് ഏകീകൃത റവന്യൂ മാനുവൽ അനുസരിച്ചാണ് നടപടികൾ മുന്നോട്ട് പോകേണ്ടത്, എന്നാൽ വാസ്തവം അതല്ല. വിവിധ ജില്ലകളിൽ വിവിധ നടപടിക്രമങ്ങളാണ് പിന്തുടരുന്നത്. അതിനുമപ്പുറം വിവിധ ഉദ്യോഗസ്ഥർ അവരുടേതായ പുതിയ നടപടിക്രമങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നു.
 * ഇതിനൊരു മാറ്റം വരുത്താനായി എല്ലാ സേവനങ്ങൾക്കും SOP ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ നിന്ന് തയ്യാറാക്കി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. പൊതുജനത്തിനും ഇക്കാര്യത്തിൽ അവബോധം നൽകണം; അവർക്ക് അത് കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കണം.
 * അപേക്ഷകൾക്ക് കൈപ്പറ്റ് രസീത് നൽകുന്നതോടൊപ്പം SOP കൂടി അപേക്ഷകന് പ്രിന്റ് ചെയ്ത് കിട്ടുന്ന തരത്തിൽ അത് സംവിധാനം ചെയ്യണം.

❤️16. റവന്യൂ വകുപ്പിന്റെ വെബ് സൈറ്റ് നാളതീകരിക്കൽ (Updating the Revenue Department website)
 * വകുപ്പിന്റെ വെബ്സൈറ്റ് നാളതീകരിച്ച് (തുടർച്ചയായി അപ്‌ഡേറ്റ് ചെയ്ത്) പരിപാലിക്കാനായി ഒരു സംഘം ജീവനക്കാരെ ചുമതലപ്പെടുത്തണം.
 * എല്ലാ പ്രസക്തമായ ഉത്തരവുകളും രേഖകളും അതിൽ സമയബന്ധിതമായി അപ്‌ലോഡ് ചെയ്യണം. ഉദ്യോഗസ്ഥർക്കും പൊതുജനത്തിനും റഫർ ചെയ്യാനുതകും വിധം അത് പ്രൊഫഷണലായി നിലനിൽക്കണം.

❤️17. പ്രതിമാസ അവലോകന യോഗങ്ങൾ (Monthly Review Meetings)
 * ഓരോ മാസവും ഉദ്യോഗസ്ഥർ യോഗം ചേരാറുണ്ടെങ്കിലും അതിലെ തീരുമാനങ്ങൾ നടപ്പിലാകാറില്ല. ആ അവസ്ഥ മാറണം.
 * പ്രവർത്തനമികവുള്ള ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും മോശം ഉദ്യോഗസ്ഥർക്കായി പരിശീലനമടക്കമുള്ള കറക്ഷൻ നടപടികൾ സ്വീകരിക്കുകയും വേണം.

❤️18. പരിശോധനാ സംവിധാനം ഓൺലൈനാക്കൽ (Online integration of the inspection system)
 * നിലവിൽ അതിനൊരു മോഡ്യൂൾ വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും അത് ഫലപ്രദമല്ല.
 * എല്ലാ തലത്തിലുമുള്ള പരിശോധനകൾ അതിൽ അപ്‌ലോഡ് ചെയ്യപ്പെടണം. അതുവഴി തന്നെ അതിൽ ചൂണ്ടിക്കാട്ടിയ അപാകതകൾ പരിഹരിച്ചു പോകണം. ഇത് ഖണ്ഡിക സമ്പ്രദായത്തിൽ കുറവ് ചെയ്ത് വരുന്ന രീതിയിലാകണം.
 * സേവനങ്ങൾക്കായി ലഭിക്കുന്ന അപേക്ഷകളിൽ യഥാസമയം തീർപ്പുകൽപ്പിക്കുന്നുണ്ടോ എന്നതും മറുപടി നൽകുന്നത് കാര്യകാരണസഹിതം ആണോ എന്നതും  പരിശോധിക്കാനുള്ള സംവിധാനം സോഫ്റ്റ്‌വെയറിൽ വരുത്തണം.

❤️ 19. ശരിയായ PRO പ്രവർത്തനം (Effective Public Relations operations)
 * റവന്യൂ ഓഫീസുകളിൽ, പ്രത്യേകിച്ച് വില്ലേജ് ഓഫീസുകളിൽ സേവനങ്ങൾക്കായി എത്തുന്ന പൊതുജനത്തിന് ഒരു അന്യതാബോധം തോന്നാത്ത തരത്തിൽ അവരെ value ചെയ്യുന്ന ഒരു സംവിധാനം വേണം. ഇതിനായി വളരെയധികം പ്രയാസപ്പെടേണ്ടതൊന്നുമില്ല.
 * വരുന്നവർക്ക് ഒരു ടോക്കൺ എടുത്ത് ഇരിക്കാനുള്ള സംവിധാനമാണ് ആദ്യം വേണ്ടത്. സാധിക്കുമെങ്കിൽ ഒരു ടെലിവിഷൻ കൂടി അവിടെ സ്ഥാപിക്കാം. ടോക്കൺ ക്രമത്തിൽ ആളുകളെ വിളിച്ച് അവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാം.
 * മാനുവലായി സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിച്ച് ഫ്രണ്ട് ഓഫീസിൽ നിന്ന് രസീത് നൽകാം. പൊതുവായ സേവനങ്ങളുടെ SOP അവിടെ പ്രദർശിപ്പിക്കാം; അവയുടെ ഒരു പ്രിന്റ് ഔട്ട് നൽകുകയും ചെയ്യാം. 'Revenue Services' എന്ന ആപ്പിൽ അത് പോസ്റ്റ് ചെയ്യുകയുമാകാം.

❤️ 20. റവന്യൂ സർവ്വീസസ് എന്ന ആപ് കൂടുതൽ വിപുലമാക്കൽ (Scaling up and enhancing the Revenue Services application)
 * ഇത് എം-ഗവേണൻസിന്റെ (m-Governance) കാലമാണ്. റവന്യൂ സേവനങ്ങൾ നൽകാനായി തയ്യാറാക്കിയ ആപ്പാണ് "റവന്യൂ സർവ്വീസസ്" എന്നത്. എന്നാൽ ഈ ആപ്പ് അത്ര പ്രൊഫഷണൽ അല്ല, കൂടാതെ എല്ലാ റവന്യൂ സേവനങ്ങളും അതിലേക്ക് കൊണ്ടുവന്നിട്ടുമില്ല.
 * അവയെല്ലാം ചേർത്ത് ഈ പോർട്ടൽ ഒരു One-stop Service Centre ആയി പൊതുജനത്തിന് ഉപയോഗിക്കാൻ കഴിയണം. അപേക്ഷകൾ സമർപ്പിക്കാനും രസീത് കരസ്ഥമാക്കാനും തൽസ്ഥിതി (status) അറിയാനുമെല്ലാം അതിലൂടെ സാധിക്കണം.

❤️ 21. പൊതു സേവന കേന്ദ്രങ്ങൾക്ക് യൂസർ അനുവദിക്കൽ (Allocation of user IDs to Common Service Centres - CSCs)
 * സർക്കാർ സേവനപ്രദാനം ഭൂരിഭാഗവും ഐ.ടി അധിഷ്ഠിതമായിരിക്കുകയാണ്. അപ്രകാരം സേവനം ആർജ്ജിക്കുന്നതിനായി പൊതുസേവന കേന്ദ്രങ്ങളെ (CSCs) ഒരു അവിഭാജ്യ ഘടകമായി വിവിധ വകുപ്പുകൾ കണ്ടുവരുന്നു.
 * എന്നാൽ റവന്യൂ വകുപ്പിൽ ഇ-ഡിസ്ട്രിക്റ്റ് പോർട്ടലിലൊഴികെ മറ്റൊന്നിലും പൊതുസേവന കേന്ദ്രങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഇത് ആശയപരമായ ഒരു പിന്നോട്ടുപോക്കാണ് (ideological regression), അത് പരിഹരിക്കണം.
 * സംസ്ഥാനത്തെ എല്ലാവർക്കും സ്വന്തം നിലയ്ക്ക് ഓൺലൈൻ സേവനങ്ങൾ കരസ്ഥമാക്കാനുള്ള ശേഷി ആയിട്ടില്ലെന്ന വസ്തുത വകുപ്പ് തിരിച്ചറിയണം. ഇപ്പോൾത്തന്നെ നഞ്ചഭൂമി തരംമാറ്റ അപേക്ഷകളിൽ 90 ശതമാനവും മറ്റൊരാളുടെ യൂസറിൽ നിന്ന് സമർപ്പിക്കപ്പെടുന്നത് മേൽസൂചിപ്പിച്ച ഐഡിയോളജിക്കൽ റിഗ്രഷന്റെ തിക്തഫലമാണ്.

❤️22. റഫറൻസ് ഐ.ഡി (Reference ID)
 * റവന്യൂ വകുപ്പിൽ നിന്ന് സേവനം ലഭിക്കാനായി അപേക്ഷ നൽകുന്നവർക്കെല്ലാം ഒരു റഫറൻസ് ഐ.ഡി ലഭ്യമാക്കണം.
 * ഇതിലൂടെ അപേക്ഷയുടെ തൽസ്ഥിതി ഓൺലൈനായും, അല്ലാത്തവയുടെ കാര്യത്തിൽ ഓഫീസിലെ ഫോണിലേക്ക് വിളിച്ചും പൊതുജനത്തിന് അറിയാനാകണം.
 * പഴയ അപേക്ഷകളുടെ കാര്യത്തിലും ഇത്തരത്തിലൊരു റഫറൻസ് ഐ.ഡി അവർക്ക് ലഭ്യമാക്കണം. ഈ റഫറൻസ് ഐ.ഡി ഓൺലൈനായി തിരയുന്നതിന് സാധിക്കുന്ന ഫോർമാറ്റിലായിരിക്കണം.

❤️23. ഫോൺ വഴിയുള്ള ആശയവിനിമയം (Telephonic communication)
 * ആളുകൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ ഭൂരിഭാഗവും ഇന്ന് ഫോൺ വഴിയാണ് നടക്കുന്നത്. റവന്യൂ ഓഫീസുകളിൽ, പ്രത്യേകിച്ച് വില്ലേജ് ഓഫീസുകളിൽ പൊതുജനത്തിന് ബന്ധപ്പെടാനായി ഒരു ഫോൺ ലഭ്യമാക്കണം.
 * ഇപ്പോൾ വില്ലേജ് ഓഫീസർക്ക് മാത്രമാണ് സർക്കാർ ഫോൺ അനുവദിച്ചിട്ടുള്ളത്. എല്ലാ വില്ലേജ് ഓഫീസുകളിലും ലാൻഡ് ഫോൺ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് എവിടെയും അത് കാണാനില്ല.
 * രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ പൊതുജനത്തിന് വിദൂരത്തുനിന്ന് ഓഫീസിലെ വിവരങ്ങൾ ചോദിക്കാനും മറുപടി ലഭിക്കാനുമുള്ള സൗകര്യം ലഭ്യമാക്കണം. ഫോൺ കണക്ഷൻ ഇൻ്റർനെറ്റിനൊപ്പം ഫ്രീയായി ലഭ്യമാണ്, ഒരു റിസീവർ വാങ്ങി വെച്ചാൽ മാത്രം മതി.

❤️24. പരിശീലനം (Training)
 * നിലവിൽ ILDM വഴിയാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പ്രധാനമായും പരിശീലനം നൽകിവരുന്നത്. ഇത് തിരുവനന്തപുരത്തായതിനാൽ വടക്കൻ ജില്ലകളിൽ നിന്നുള്ളവർക്ക് അവിടെ വന്ന് പരിശീലനം സിദ്ധിക്കാൻ പ്രയാസമാണ്.
 * ഇതിനൊരു പരിഹാരമായി കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ ഓഫ്-കാമ്പസ് കൂടി ആരംഭിക്കുന്നത് നന്നായിരിക്കും.
 പരിശീലന വിഷയങ്ങൾ കലോചിതമായി പരിഷ്കരിക്കണം. 
ഉദാ:1 അപേക്ഷകളിൽ മറുപടി നൽകുമ്പോൾ  കാര്യകാരണസഹിതം മറുപടി നൽകുക എന്നത്  അഭിഭാജ്യ ഘടകമാക്കി മാറ്റിയാൽ സാമാന്യനീതി ഉറപ്പുവരുത്തുവാൻ കഴിയും.
 ഉദാ.2. ഫയലുകളിൽ തീരുമാനമെടുക്കുന്നത് നിരവധി നിയമങ്ങൾ പ്രകാരമാണ് എങ്കിലും പരമ്പരാഗതമായി ചെയ്തുവരുന്ന നിരവധി അനാചാരങ്ങൾ ജീവനക്കാരെ ഇപ്പോഴും പിന്തുടരുന്നു. ആധാരത്തിൽ സർവ്വേ നമ്പർ തെറ്റിയാൽ തിരുത്താധാരം എഴുതിയാൽ മാത്രമേ പോക്കുചെയ്തു നൽകുകയുള്ളൂ , ഉടമസ്ഥാവകാശം ഉള്ളവർക്ക് മാത്രമേ പോക്കുവരവ് ചെയ്ത് നൽകുകയുള്ളൂ ,  ഒരു സിവിൽ കോടതിക്കു മാത്രം ഇടപെട്ട് തീരുമാനമെടുക്കാവുന്ന വിഷയങ്ങളിൽ ഇടപെടുക, ഓഫീസിൽ റെഡിമെയ്ഡ് ആയി ലഭ്യമാകേണ്ട രേഖകൾ ഹാജരാക്കാൻ അപേക്ഷകനോട് ആവശ്യപ്പെടുക തുടങ്ങിയ നിരവധി അനാചാരങ്ങൾ പരിശീലനത്തിലൂടെ തിരുത്തപ്പെടണം.
 * ഇലക്ഷൻ കമ്മീഷൻ പരിശീലനത്തിനായി ഉപയോഗിച്ച 'ഇ-വിദ്യ' പോലുള്ള പരിശീലന-മൂല്യനിർണ്ണയ മോഡ്യൂളുകൾ ILDM-ന് വികസിപ്പിക്കാവുന്നതാണ്.

❤️ 25. പരിശീലനം ഉദ്യോഗക്കയറ്റത്തിന് മാനദണ്ഡമാക്കൽ (Making training mandatory for promotion)
 * സർവ്വീസ് കാലത്തിനിടയ്ക്ക് നൽകുന്ന പരിശീലനങ്ങളിൽ കുറച്ചെണ്ണമെങ്കിലും ഉദ്യോഗക്കയറ്റത്തിന് മാനദണ്ഡമാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ് (വില്ലേജ് സർവ്വീസ് വില്ലേജ് ഓഫീസർ പ്രൊമോഷന് നിർബന്ധമാക്കിയതുപോലെ). 
 * കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ ആഴത്തിലുള്ള അറിവില്ലായ്മ മുതിർന്ന റവന്യൂ ഉദ്യോഗസ്ഥരെപ്പോലും തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന കാഴ്ച വകുപ്പിൽ പതിവാണ്. 50 വർഷം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ലാൻഡ് ട്രിബ്യൂണലുകൾ ഇപ്പോഴും പട്ടയം നൽകിക്കൊണ്ടേയിരിക്കുന്നതും, ഇനിയും ലക്ഷക്കണക്കിന് അപേക്ഷകൾ തീർപ്പാകാതെ കിടക്കുന്നതും ഇതിന് ഉദ്യോഗജനകമായ ഉദാഹരണമാണ്.

❤️ 26. സോഫ്റ്റ്‌വെയർ അവലോകനം (Software Evaluation)
 * നിലവിൽ വകുപ്പ് ഉപയോഗിച്ചുവരുന്ന എല്ലാ സോഫ്റ്റ്‌വെയറുകളും ഒരു അവലോകനത്തിന് വിധേയമാക്കുന്നത് സേവന പ്രദാനത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും ഭാവി ആവശ്യങ്ങൾക്ക് അവ എത്രമാത്രം പ്രാപ്തമാണെന്ന് തിരിച്ചറിയുന്നതിനും അതനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും ഉപകരിക്കും.
 * സോഫ്റ്റ്‌വെയർ രംഗത്തെ വിദഗ്ദ്ധരെ ഈ അവലോകനത്തിലേക്ക് ക്ഷണിക്കാം. നിർമ്മിത ബുദ്ധിയുടെ (Artificial Intelligence) പ്രയോഗം പോലുള്ള ആധുനിക സങ്കേതങ്ങൾ നമുക്കും സേവന പ്രദാന മേഖലയിൽ പ്രയോജനപ്പെടുത്താം.

❤️ 27. സോഫ്റ്റ്‌വെയർ-കോർ ഗ്രൂപ്പ് (Software-Core Group)
 * സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും പ്രാതിനിധ്യമുള്ള ഒരു കോർ ഗ്രൂപ്പ് സോഫ്റ്റ്‌വെയറുകളുടെ പ്രവർത്തനക്ഷമതയും അത് എത്രമാത്രം ജനസൗഹൃദമാണെന്നും തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. എല്ലാ മാസവും ഈ ഗ്രൂപ്പ് ഓൺലൈനായോ ഓഫ്‌ലൈനായോ യോഗം ചേർന്ന് ആവശ്യമായ പരിഷ്കരണ നിർദ്ദേശങ്ങൾ സമർപ്പിക്കണം. അവയിൽ അംഗീകരിക്കപ്പെടുന്നവ സമയനഷ്ടം കൂടാതെ ഉൾപ്പെടുത്താൻ വേണ്ട നടപടികളും ഉണ്ടാകണം.
 * ഉദാഹരണത്തിന്, 15 വർഷത്തിലധികമായി വകുപ്പ് ഉപയോഗിക്കുന്ന ഇ-ഡിസ്ട്രിക്റ്റ് സോഫ്റ്റ്‌വെയറിൽ കാതലായ യാതൊരു മാറ്റവും ഇതുവരെ വരുത്തിയിട്ടില്ല. ഭൂമി സംബന്ധമായ ആശയങ്ങൾ സ്വാംശീകരിക്കുന്നതിൽ പ്രോഗ്രാമർമാർക്ക് വേണ്ടത്ര അറിവില്ലാത്തതിനാൽ (അവർക്ക് അറിവ് പകർന്നു നൽകാത്തതിനാലും) പല പ്രശ്നങ്ങളും ഈ സോഫ്റ്റ്‌വെയറിൽ കടന്നുകൂടി.
 * ഉദാഹരണത്തിന്, സംസ്ഥാനത്തെ ഭൂമികളെല്ലാം ഒറ്റയൊറ്റ വ്യക്തികളുടെ (single ownership) ഭൂമികളാണെന്നും ആരും കൂട്ടായി കൈവശം (co-ownership) വെക്കുന്നില്ലെന്നുമുള്ള തെറ്റായ ധാരണയുടെ പുറത്താണ് കൈവശ സർട്ടിഫിക്കറ്റിന്റെ വർക്ക്ഫ്ലോ തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ 15 വർഷം കഴിഞ്ഞിട്ടും അതിന് മാറ്റം വരുത്താൻ സാധിച്ചിട്ടില്ലെന്നത് വകുപ്പിന്റെ കമ്പ്യൂട്ടർവത്കരണത്തിലെ പാകപ്പിഴകളും യാഥാസ്ഥിതിക നിലപാടുകളും തുറന്നുകാട്ടുന്നു.
 * അതുപോലെ ഒരാളുടെ ഭൂനികുതി അയാളറിയാതെ മറ്റൊരാൾക്ക് ഒടുക്കാനാകുന്നതും, മരണമടഞ്ഞ പോയവരുടെ പേരിൽ തണ്ടപ്പേർ നിലനിർത്താൻ ഉത്തരവിടുന്നതും നിലം തരംമാറ്റുന്നതിനുള്ള അപേക്ഷ ഭൂവുടമയുടെ അറിവില്ലാതെ സമർപ്പിക്കാനാകുന്നതും മറ്റും ഇത്തരം പ്രശ്നങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നതാണ് ശരി. ഇതിന്റെയെല്ലാം ആത്യന്തിക രക്തസാക്ഷി പൊതുജനമാണെന്നത് നാം മറന്നുകൂടാ.

❤️ 28. ഭൂരേഖകളുടെ തെക്ക്- വടക്ക് സംയോജനം (North-South integration of land records)
 * ഏകീകൃത റവന്യൂ മാനുവൽ അനുസരിച്ചാണ് വകുപ്പ് പ്രവർത്തിക്കേണ്ടതെങ്കിലും ഫലത്തിൽ അങ്ങനെയല്ലെന്ന് മുകളിൽ പ്രതിപാദിച്ചിരുന്നുവല്ലോ? ഇതിന് ചരിത്രപരമായ കാരണങ്ങളുണ്ടായിട്ടുണ്ടെന്നത് നിസ്തർക്കമാണ്. ഇത് സോഫ്റ്റ്‌വെയർ രംഗത്തും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
 * ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്; ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഓൺലൈൻ പോക്കുവരവും കരം പിരിവും. വ്യക്തമായ തണ്ടപ്പേർ രേഖകൾ നിലവിലുള്ള തെക്കൻ ജില്ലകളെയും അങ്ങനെയില്ലാത്ത വടക്കൻ ജില്ലകളെയും ഒന്നിച്ച് കണ്ട് തയ്യാറാക്കിയ വർക്ക്ഫ്ലോ കാരണം മലബാർ മേഖലയിൽ 20-30% പേർക്ക് ഇപ്പോഴും ഓൺലൈനായി കരമടക്കാൻ സാധിക്കുന്നില്ല. തണ്ടപ്പേർ പകർപ്പ് ലഭിക്കാനും ഇതേ പ്രയാസം നേരിടുന്നു.
 * രജിസ്ട്രേഷന് തണ്ടപ്പേർ പകർപ്പ് ഒരു അവശ്യരേഖയായതിനാൽ ജനത്തിന് ഇതുമൂലമുണ്ടാകുന്ന പ്രയാസം ചെറുതല്ല. ഇത്തരം സ്ഥിതിവിശേഷങ്ങൾ കൂടി കണക്കിലെടുത്ത് ആവശ്യമായ പരിഷ്കരണം (ആശയപരമായ പരിഷ്കരണം - Conceptual modernization) സോഫ്റ്റ്‌വെയറിൽ വരുത്തണം.

❤️ 29. ഉപഭോക്തൃ സൗഹൃദ സമീപനം (Customer-friendly approach)
 * വകുപ്പിന്റെ ഐ.ടി അധിഷ്ഠിത സേവന പ്രദാന മാതൃക ഉപഭോക്തൃ സൗഹൃദമാകണം; അതായിരിക്കണം അതിന്റെ ഗുണമേന്മയുടെ അളവുകോൽ. ആ അർത്ഥത്തിൽ സോഫ്റ്റ്‌വെയറുകൾ പരിഷ്കരിക്കണം.
 * ഉദാഹരണത്തിന്, ഇ-ഡിസ്ട്രിക്റ്റ് പോർട്ടലിലേക്ക് പൊതുസേവന കേന്ദ്രം വഴി ഒരു അപേക്ഷ സമർപ്പിച്ചയാൾക്ക് ആ അപേക്ഷയിൽ എന്തെങ്കിലും ഒരു മാറ്റം വരുത്തണമെങ്കിൽ അതേ കേന്ദ്രത്തിൽ തന്നെ പോകേണ്ട അവസ്ഥയാണ്. സമയത്തെയും ദൂരത്തെയും കീഴടക്കുകയെന്ന ഐ.ടി മുദ്രാവാക്യം ഇവിടെ യാഥാർത്ഥ്യമാകുന്നില്ല.
 * ഇവിടെ സേവന കേന്ദ്രത്തിനാണ് അപേക്ഷകനേക്കാൾ പ്രാധാന്യം. അന്നേ ദിവസം, അല്ലെങ്കിൽ കുറച്ചു ദിവസത്തേക്ക് ആ കേന്ദ്രം അടഞ്ഞുകിടന്നാൽ അപേക്ഷകന് മറ്റൊരു മാർഗ്ഗവുമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഒരു സേവന പ്രദാനം എത്ര ജനവിരുദ്ധമാകാം എന്നതിന് ഇതിലും നല്ല ഉദാഹരണമില്ല തന്നെ.

❤️30. ഭൂ രേഖകൾ ഡിജിറ്റലൈസ് ചെയ്യൽ (Digitalization of land records)
 * ഇതിനായുള്ള വലിയൊരു ശ്രമം വകുപ്പ് ആരംഭിച്ചുവെങ്കിലും 2020-ലെ കൊറോണ പകർച്ചവ്യാധിയെത്തുടർന്ന് നിർത്തിവെക്കുകയായിരുന്നു. ആയത് കുറച്ചുകൂടി ശാസ്ത്രീയമായി പുനരാരംഭിക്കണം.
 * വകുപ്പ് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് പട്ടയം. അതിന്റെ ഒരു പ്രതി വകുപ്പിന്റെ റെക്കോർഡ് ശേഖരത്തിൽ സുരക്ഷിതമായിരിക്കുമ്പോൾ മാത്രമേ വ്യക്തികളുടെ കൈവശമുള്ള പട്ടയ രേഖയ്ക്ക് വിശ്വാസ്യതയും ആധികാരികതയുമുള്ളൂ. പട്ടയ പകർപ്പിനായുള്ള പല അപേക്ഷകളിലും കിട്ടുന്ന മറുപടി 'ആവശ്യപ്പെട്ട രേഖ കാണാനില്ല' എന്നാണ്. ഇത് ഈ വകുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ഭാവിയിൽ ചോദ്യം ചെയ്തേക്കാം.
 * ഡിജിറ്റൽ സർവ്വേ പോലെ അതേ അളവിൽ പ്രാധാന്യമർഹിക്കുന്ന ഒരു മേഖലയാണിത്. പട്ടയ ഫയലുകളുടെ എല്ലാ പേജുകളും ഫോട്ടോ എടുത്ത് ഇതിനായി തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ്‌വെയറിലേക്ക് അപ്‌ലോഡ് ചെയ്യുന്ന രീതി പരീക്ഷിക്കാം. കേവലം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് പോലും ഇത് ചെയ്യാവുന്നതാണ്. കുറഞ്ഞ വർഷങ്ങൾ കൊണ്ട് ഇത് പൂർത്തിയാക്കാവുന്നതുമാണ്.
 * 50 ലക്ഷം പട്ടയങ്ങൾ ഉണ്ടെന്ന് സങ്കൽപ്പിച്ചാൽത്തന്നെ ശരാശരി ഒരു ജില്ലയിൽ പ്രതിദിനം 1000 - 1250 എണ്ണം ഡിജിറ്റലൈസ് ചെയ്താൽ ലക്ഷ്യം നേടാം. ഡാറ്റയിൽ നിന്ന് വകുപ്പിന് വരുമാനവും ഉണ്ടാക്കാം.
* എല്ലാ  പട്ടയങ്ങളും  നൽകുന്നതിന് മുമ്പ് തന്നെ രജിസ്റ്റർ ചെയ്യുന്നതിന്  സബ് രജിസ്റ്റർ ഓഫീസുകളിലേക്ക് അയച്ചു നൽകണം എന്ന് നിർദ്ദേശമുണ്ടെങ്കിലും ഇതുവരെ കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല.  ടി വിഷയത്തിൽ കർശനമായ നിലപാടുകൾ സ്വീകരിച്ചാൽ പട്ടയം  നഷ്ടപ്പെടുന്നു  എന്ന പരാതി ഒഴിവാക്കാം.

 പട്ടയത്തിന്റെ ഫോർമാറ്റ് കാലോചിതമായി പരിഷ്കരിക്കണം. പട്ടയം എന്ത് ആവശ്യത്തിനും നൽകുന്നു എന്നതും , പട്ടയ ഭൂമി കൈമാറുന്നതിന് വിലക്കുണ്ടെങ്കിൽ അക്കാര്യം വ്യക്തമായി സൂചിപ്പിച്ച് വിലക്ക് തീരുന്ന തീയതിയും  രേഖപ്പെടുത്തണം.

 പട്ടയങ്ങൾ നൽകുമ്പോൾ പട്ടയ സ്കെച്ച് , കരമടച്ച രസീത് . മഹസർ  എന്നിവയുടെ കോപ്പി കൂടി പട്ടയക്കാരന് നൽകാവുന്നതാണ് . പിന്നീട് ഓഫീസിൽ ഇത്തരം രേഖകൾ നഷ്ടപ്പെട്ടാൽ പോലും പൊതുജനങ്ങളുടെ പക്കൽ ഇത്തരം രേഖകൾ ഉണ്ടാവും എന്നത് ആശ്വാസകരമാണ് .

31. സേവനങ്ങൾ നൽകുമ്പോഴും ഉത്തരവുകൾ നൽകുമ്പോഴും  അനുബന്ധരേഖകൾ കൂടി പൊതുജനങ്ങൾക്ക് നൽകണം . രേഖകൾ ഓഫീസിൽ നഷ്ടപ്പെട്ടാലും അവയുടെ ലഭ്യത ഇത് ഉറപ്പുവരുത്തും.

 ഉദാഹരണത്തിന് ഒരു വസ്തു സബ് ഡിവിഷൻ ചെയ്തു നൽകുമ്പോൾ  ഉത്തരവിനൊപ്പം തന്നെ സബ് ഡിവിഷൻ സ്കെച്ച് കൂടി  അപേക്ഷകന് നൽകണം. പൊന്നും വിലയ്ക്ക് ഭൂമിയെടുക്കുമ്പോൾ  അവാർഡിന്റെ പകർപ്പും സ്കെച്ചും മഹസറും അപേക്ഷകന് നൽകിയിരിക്കണം .







Comments

Popular posts from this blog

Time Bank for Senior Citizens in Parish

സമുദായ ശാക്തീകരണം

LOURDE HELP DESK.