എന്റെ കഥ 1
കുട്ടനാട് മനോഹരമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ അതിമനോഹരപ്രദേശം. അവിടെ കാവാലം എന്ന ഗ്രാമം ഞാൻ ജനിക്കുമ്പോൾ തന്നെ പ്രശസ്തി ആർജിച്ചിരുന്ന പ്രദേശമാണ്. മൂന്ന് കാര്യങ്ങളാണ് അന്നത്തെ കാലത്ത് കവാലത്തിന്റെ പ്രശസ്തിക്ക് പിന്നിൽ ഉണ്ടായിരുന്നത്. കാവാലം ചുണ്ടനും കാവാലം നാരായണ പണിക്കരും.
1963 ൽ ഞാൻ സാധാരണ ഒരു കത്തോലിക്ക കുടുംബത്തിൽ കർഷകരായ മാതാപിതാക്കളുടെ മൂത്ത മകനായി ജനിച്ചു. ബാല്യകാലത്തെ കുറിച്ച് അധികം ഓർമ്മയില്ല. മാതാപിതാക്കൾ കാര്യമായ വിദ്യാഭ്യാസം ഉള്ളവരായിരുന്നില്ല. സാമ്പത്തിക നിലയും അത്ര മെച്ചമായിരുന്നില്ല . ദാരിദ്ര്യത്തോളം എത്തുന്ന സാമ്പത്തിക ബുദ്ധിമുട്ടില്ല എന്ന് മാത്രം. ഞാൻ ജനിക്കുന്ന സമയത്ത് പിതാവിന് പലചരക്ക് കട ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . എന്റെ ഓർമ്മയിൽ വരുന്ന തൊഴിൽ കപ്പ കച്ചവടമാണ് . സാമാന്യം വലിയ ഒരു തറവാട് വീടാണ് ഞങ്ങളുടേത് .
ഞങ്ങളുടെ വീട് പല കാരണങ്ങളാലും ആ ഗ്രാമത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്ന ഒന്നാണ്. ഗ്രാമീണർ അധികം വിദ്യാസമ്പന്നരായിരുന്നില്ലായിരുന്ന കാലത്തെ പിതാവിന്റെ സഹോദരങ്ങൾ നല്ല വിദ്യാഭ്യാസവും ജോലിയും ഉള്ളവരായിരുന്നു . കണക്ക് പഠിക്കുന്നതിൽ മുൻപന്തിയിലാണ് കുടുംബത്തിലെ അംഗങ്ങൾ എന്നത് നാട്ടുകാർ പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. ആരോടും കലഹത്തിന് പോകാത്ത ശാന്തശീലരായ കുടുംബാംഗങ്ങൾ . ഇത്തരമൊരു ഇമേജ് മൂലം സമൂഹത്തിൽ ഞങ്ങളുടെ കുടുംബത്തിന് സമൂഹത്തിൽ ഒരു മതിപ്പ് ഉണ്ടായിരുന്നു .
ഇനി ഞങ്ങളുടെ ഗ്രാമത്തെ കുറിച്ച് പറയട്ടെ. നെൽകൃഷിയാണ് ഗ്രാമീണരുടെപ്രധാന തൊഴിൽ. മഹാഭൂരിപക്ഷം കുടുംബങ്ങളും കർഷക തൊഴിലാളികളാണ് . ഹിന്ദുക്കളും ക്രിസ്ത്യാനികളും യാതൊരു കലഹവും ഇല്ലാതെ സമാധാനത്തോടെ ജീവിച്ചു വന്ന സ്ഥലമാണ് . ഞങ്ങളുടെ വീടിനടുത്തുള്ള പുലയ സമുദായ അംഗങ്ങളായവരുടെ രണ്ട് കോളനികൾ നാടിന്റെ സാംസ്കാരിക ചരിത്രത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് . അന്നന്നത്തെ അപ്പം കൊണ്ട് ജീവിക്കുന്നവരായ ഗ്രാമീണർക്ക് നെൽകൃഷിയുള്ള 6 മാസം മാത്രമേ ജോലി ഉണ്ടായിരുന്നുള്ളൂ. ബാക്കി 6 മാസം പലപ്പോഴും പട്ടിണിയുടെയും പരിവട്ടത്തിന്റെയും കാലമാണ്.
Comments
Post a Comment
Jamesadhikaram land consultancy Kerala