vine preparation

""വൈൻ ഉണ്ടാക്കി കുടിക്കാൻ ആഗ്രഹമുണ്ടോ? എത്ര വിധത്തിലുള്ള വൈനും ഉണ്ടാക്കാൻ ഈ പോസ്റ്റ് സഹായിക്കും...

മുന്തിരിച്ചാറിന്റെ പുളിപ്പിക്കൽ വഴി നിർമ്മിക്കുന്ന ഒരു ആൽക്കഹോളിക് പാനീയമാണ് വീഞ്ഞ് (ഇംഗ്ലീഷ്:Wine). മുന്തിരിയുടെ രാസപരമായ സന്തുലനനത്തിന്റെ പ്രത്യേകതകൾ മൂലം പഞ്ചസാര, അമ്ലം, രാസാഗ്നി എന്നിവയോ മറ്റ് പോഷകങ്ങളോ ചേർക്കാതെതന്നെ അത് പുളികുന്നു. ആപ്പിൾ, ബെറി തുടങ്ങിയ പഴങ്ങളും പുളിപ്പിക്കാൻ സാധിക്കുമെങ്കിലും, അങ്ങനെ നിർമ്മിക്കുന്ന വിഞ്ഞ്, നിർമ്മാണത്തിനുപയോഗിച്ച പഴത്തിന്റെ പേരിനോടൊപ്പമാണ് അറിയപ്പെടാറ് 

[ആപ്പിൾ വീഞ്ഞ്, എൽഡെർബെറി വീഞ്ഞ് എന്നിവ ഉദാഹരണം]. അവയെ പൊതുവായി ഫ്രൂട്ട് എന്നോ കണ്ട്രി വീഞ്ഞ് എന്നോ ആണ് വിളിക്കാറ്. ബാർളി വീഞ്ഞ്, അരി വീഞ്ഞ് തുടങ്ങിയവ തരത്തിലുള്ളവ [സേക്ക് ഉദാഹരണം] അന്നജം അടങ്ങിയ പദാർത്ഥങ്ങൾ കൊണ്ട് നിർമിച്ചവയാണ്. വീഞ്ഞിനേക്കാൾ ബിയറിനോടും സ്പിരിറ്റിനോടുമാണ് ഇവക്ക് സാമ്യം. ജിഞ്ചർ വൈൻ ബ്രാണ്ടിയുമായി ചേർത്തുണ്ടാക്കിയ പാനീയമാണ്....

ക്രൈസ്തവ ആരാധനയിൽ വിശുദ്ധ കുർബാനയുടെ ഭാഗമായി വീഞ്ഞ് ചെറിയ അളവിൽ ഉപയോഗിക്കാറുണ്ട്. കേരളത്തിലെ പള്ളികളിൽ കൊച്ചിൻ മാസ് വൈൻ റൂൾ പ്രകാരം ലൈസൻസെടുത്താണ് വിശുദ്ധ കുർബാനക്കായി സഭാ സ്ഥാപനങ്ങൾ വൈൻ തയ്യാറാക്കുന്നത്.  ഈ ചട്ടപ്രകാരം ഉണക്കമുന്തിരിയിൽ നിന്ന് പ്രത്യേകമായി തയ്യാറാക്കുന്ന കുർബാനയ്ക്കുള്ള വീഞ്ഞിൽ പഞ്ചസാര ചേർക്കാൻ അനുവാദമില്ല.

 ആദ്യകാലഘട്ടങ്ങളില്‍ വൈന്‍ എന്നാല്‍ മുന്തിരിവൈന്‍ മാത്രമായിരുന്നു. പലതരത്തിലുള്ള മുന്തിരികള്‍ ഉപയോഗിച്ച് പലതരത്തിലുള്ള വൈനുകള്‍ അവര്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇന്ന് മുന്തിരി മാത്രമല്ല എല്ലാ പഴങ്ങളും ഇലകളും ഉപയോഗിച്ചുവരെ വൈന്‍ തയ്യാറാക്കുന്നുണ്ട്. പഞ്ചസാരയും മറ്റ് അനുബന്ധവസ്തുക്കളും ഉപയോഗിക്കാതെയും വീഞ്ഞുകള്‍ ഉണ്ടാക്കാം. കടുംനിറത്തിലുള്ള വൈനുകള്‍ ഉരുണ്ട വൈന്‍ഗ്ലാസ്സുകളിലും ഇളംനിറത്തിലുള്ളവ നീളന്‍ വൈന്‍ഗ്ലാസ്സുകളിലുമാണ് കുടിക്കാന്‍ എടുക്കുക. 

"വൈന്‍ അഥവാ വീഞ്ഞുകള്‍ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം:

വൈനുണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. നന്നായി അടയ്ക്കാവുന്ന അടപ്പുള്ള ഭരണി തിളച്ച വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ഉണക്കുക.

2. വൈനുണ്ടാക്കുന്ന ചേരുവകള്‍ എല്ലാം ചേര്‍ത്തതിനുശേഷം ഭരണിയുടെ വക്കില്‍നിന്നും 5 ഇഞ്ചു താഴ്ന്നു നില്ക്കണം. വൈന്‍ പുളിച്ചു പൊങ്ങുന്നതിനുവേണ്ടിയാണ് അല്ലെങ്കില്‍ വീര്യംകൊണ്ട് ഭരണി പൊട്ടിപ്പോകും.

3. ഭരണി തുണികൊണ്ട് അയച്ചു മൂടിക്കെട്ടിയാല്‍ മതി.

4. യീസ്റ്റും പഞ്ചസാരയും അര കപ്പ് ചെറു ചൂടുവെള്ളവും കൂടി ചേര്‍ത്തിളക്കി 10 മിനിട്ട് പുറത്തുവച്ചു പൊങ്ങിയശേഷം ഭരണിയിലൊഴിക്കുക.

5. എല്ലാ ദിവസവും കൃത്യസമയത്ത് ഒരു മരത്തവികൊണ്ട് 5 മിനിട്ട് ഇളക്കുക.

6. വൈന്‍ ഊറ്റുമ്പോള്‍ മട്ടു കലങ്ങാതിരിക്കുവാന്‍ സൈഫണ്‍ ചെയ്യുക.

7. വൈന്‍ നിറമുള്ള കുപ്പികളില്‍ സൂക്ഷിക്കുക.

8. കുപ്പി നിറയ്ക്കുമ്പോള്‍ വക്കുവരെ നിറയ്ക്കരുത്. കുപ്പിയുടെ വക്കില്‍നിന്നും 3 ഇഞ്ച് താഴ്ന്നു നില്ക്കണം.

9. വൈന്‍ പഴകുന്തോറും ഗുണം കൂടി. നെല്ലിലോ മണ്ണിലോ കുഴിച്ചിട്ടാല്‍ നല്ലതാണ്.

10. മൂടിക്കെട്ടിവച്ചിരിക്കുന്ന വീഞ്ഞ് കൂടക്കൂടെ തുറന്നു നോക്കരുത്.

11. വൈനിന് ഏറ്റവും നല്ലത് ഉണ്ടഗോതമ്പാണ്...

"വൈനിന് പഞ്ചസാര കരിക്കുന്ന വിധം"

പാത്രം അടുപ്പത്തുവച്ച് വെള്ളം വറ്റിച്ചതിലേക്കു പഞ്ചസാരയിട്ട് തടിസ്പൂണ്‍കൊണ്ട് ഇളക്കുക. പഞ്ചസാര ചൂടാകുമ്പോള്‍ ചെറിയചെറിയ കുമിളകള്‍ വരാന്‍ തുടങ്ങും. കൂടക്കൂടെ ഇളക്കിക്കൊണ്ടിരിക്കണം. ചെറിയ ഉരുളകള്‍ ഉരുകി പതഞ്ഞുപൊങ്ങിവരുമ്പോള്‍ തിളച്ച വെള്ളം കുറേശ്ശ ഒഴിച്ച് പാനിയാക്കുക. വെള്ളം പാനിയിലേക്കു വീഴുമ്പോള്‍ ഒരു ചെറിയ ശബ്ദം കേള്‍ക്കും. വെള്ളം ഒഴിക്കുന്നതോടൊപ്പം ഇളക്കിക്കൊണ്ടിരിക്കണം. പതഞ്ഞുവരുന്നതു നില്ക്കുമ്പോള്‍ സിറപ്പ് പാകമാകും.

"ഗ്രേപ്പ് വൈന്‍"

ചേരുവകള്‍
1. കറുത്ത മുന്തിരിങ്ങ — ഒന്നേകാല്‍ കിലോഗ്രാം

2. വെള്ളം — 6 കുപ്പി

3. യീസ്റ്റ് — 2 ടീസ്പൂണ്‍

4. ഗോതമ്പ് — 200 ഗ്രാം

5. പഞ്ചസാര — 2 കിലോഗ്രാം
(2 കപ്പ് പഞ്ചസാര കരിക്കുക)

"പാകം ചെയ്യുന്ന വിധം"

1. മുന്തിരിങ്ങ ഒരു ഭരണിയിലിട്ടു മര്‍ദ്ദിച്ച് അതില്‍ ഗോതമ്പും 2 കിലോ പഞ്ചസാരയും യീസ്റ്റും വെള്ളവും ചേര്‍ത്തിളക്കി കെട്ടിവയ്ക്കുക.

2. എല്ലാ സാധനവും ചേര്‍ത്തു കഴിയുമ്പോള്‍ ഭരണിയുടെ വക്കില്‍നിന്നും മൂന്നുനാലിഞ്ചു താഴ്ന്നു നില്ക്കണം.

3. ദിവസവും രാവിലെ ചിരട്ടത്തവികൊണ്ട് ഇളക്കി മൂടിക്കെട്ടി വയ്ക്കുക.

4. 22-ാം ദിവസം പിഴിഞ്ഞരിച്ച് 2 കപ്പ് പഞ്ചസാര കരിച്ചതും ചേര്‍ത്ത് 21 ദിവസംകൂടി അനക്കാതെ വയ്ക്കുക. യാതൊരു കാരണവശാലും ഇടയ്ക്കു തുറക്കരുത്.

5. 21 ദിവസം കൂടുമ്പോള്‍ മട്ടുകൂടാതെ ഊറ്റിയെടുത്തു കുപ്പികളിലാക്കി വച്ച് ഉപയോഗിക്കുക. 9 കുപ്പി വൈന്‍ കിട്ടും.

ജിന്‍ജര്‍ വൈന്‍

ചേരുവകള്‍
1. ഇഞ്ചിനീര് — അര കപ്പ്

2. പഞ്ചസാര — 4 കപ്പ്

3. വെള്ളം — ഒരു കപ്പ്

4. കറുവപ്പട്ട — 1′ നീളം

5. നാരങ്ങ തൊലി ചുരണ്ടിയത് — കാല്‍ ടീസ്പൂണ്‍

6. നാരങ്ങാനീര് — 2 കപ്പ്

7. വാനില എസ്സന്‍സ് — കാല്‍ ടീസ്പൂണ്‍

8. റോസ് എസ്സന്‍സ് — കാല്‍ ടീസ്പൂണ്‍

9. പഞ്ചസാര കരിക്കുവാന്‍ — 2 ടേബിള്‍ സ്പൂണ്‍

"പാകം ചെയ്യുന്ന വിധം"

1. പഞ്ചസാര, കറുവപ്പട്ട, വെള്ളം എന്നിവ തിളപ്പിച്ചു വാങ്ങിഅരിക്കുക.

2. ഇതിലേക്ക് ഇഞ്ചിനീരും ചേര്‍ത്ത് ഒറ്റനൂല്‍ പാകം ആകുമ്പോള്‍ വാങ്ങി ചെറുനാരങ്ങാനീരും എസ്സന്‍സുകളും പഞ്ചസാര കരിച്ചതും ചേര്‍ത്തിളക്കി തണുപ്പിക്കുക.

3. തണുക്കുമ്പോള്‍ കഴുകി ഉണങ്ങിയ കുപ്പികളിലാക്കി വയ്ക്കുക.

4. വെള്ളം ചേര്‍ക്കാതെ തണുപ്പിച്ച് കുറേശ്ശ ഉപയോഗിക്കാം.

"പഴം വൈന്‍"

ചേരുവകള്‍

1. പാളയന്‍കോടന്‍ പഴം — ഒരു കിലോഗ്രാം

2. പഴത്തൊലി കഴുകി അരിഞ്ഞത് — അര കപ്പ്

3. ഉണക്കമുന്തിരി — 75 ഗ്രാം

4. ചെറുനാരങ്ങാ — ഒന്നിന്റെ പകുതി

5. ഓറഞ്ച് — ഒന്ന്

6. വെള്ളം — 3 ലിറ്റര്‍

7. യീസ്റ്റ് — 2 ടീസ്പൂണ്‍

8. പഞ്ചസാര — മുക്കാല്‍ കിലോഗ്രാം

"പാകം ചെയ്യുന്ന വിധം"

1. പഴം കഴുകി പൊളിച്ച് അര കപ്പ് തൊലി അരിയുക.

2. ബാക്കി തൊലി കൂടാതെയും അരിയുക.

3. ചെറുനാരങ്ങയുടെയും ഓറഞ്ചിന്റെയും തൊലിയുടെ വെളുത്ത പാട കളഞ്ഞശേഷം അരിഞ്ഞു ചേര്‍ക്കുക.

4. നാരങ്ങാനീരും ഓറഞ്ചുനീരും എടുത്തു മാറ്റിവയ്ക്കുക.

5. പഴം അരിഞ്ഞത്, പഴത്തൊലി അരിഞ്ഞത്, നാരങ്ങാത്തൊലി അരിഞ്ഞത്, ഓറഞ്ച് തൊലി അരിഞ്ഞത് ഇവ വെള്ളവും ചേര്‍ത്തു ചെറുതീയില്‍ അരമണിക്കൂര്‍ തിളപ്പിക്കുക.

6. ഇത് അരിച്ചു പിഴിഞ്ഞെടുക്കുക.

7. പഞ്ചസാര ചേര്‍ത്തു ചെറു ചൂടുള്ളപ്പോള്‍തന്നെ ഓറഞ്ച് നീരും നാരങ്ങാനീരും യീസ്റ്റും ചേര്‍ക്കുക.

8.നല്ല കടുത്ത മധുരമുള്ള വീഞ്ഞ് വേണമെങ്കില്‍ 75 ഗ്രാം പഞ്ചസാരകൂടി ചേര്‍ത്ത് മൂന്നാഴ്ച വയ്ക്കുക.

"നെല്ലിക്ക വൈന്‍"

ചേരുവകള്‍

1. നെല്ലിക്ക — രണ്ടു കിലോഗ്രാം

2. പഞ്ചസാര — ഒന്നര കിലോഗ്രാം

3. വെള്ളം — 5 ലിറ്റര്‍

4. യീസ്റ്റ് — ഒരു ടീസ്പൂണ്‍

5. പഞ്ചസാര കരിക്കുവാന്‍ — അര കപ്പ് (ആവശ്യമെങ്കില്‍)

"പാകം ചെയ്യുന്ന വിധം"

1. നെല്ലിക്കാ കഴുകി വൃത്തിയാക്കി ഒരു രാത്രി വെള്ളത്തിലിടുക.

2. പിറ്റേദിവസം വെള്ളത്തില്‍നിന്നെടുത്ത് ഒരു മസ്ലിന്‍ തുണിയില്‍ കെട്ടി 5 ലിറ്റര്‍ വെള്ളത്തില്‍ തുണിയോടുകൂടി ഇട്ടു തിളപ്പിക്കുക.

3. ഈ വെള്ളം അരിച്ചെടുക്കുക.

4. ഇതില്‍നിന്നും 4 കപ്പ് വെള്ളമെടുത്ത് അതില്‍ ഒന്നര കിലോ പഞ്ചസാരയിട്ടു തിളപ്പിച്ച് പാനിയാക്കി അരിച്ചെടുക്കുക.

5. നെല്ലിക്ക കെട്ടഴിച്ച് കുരുകളഞ്ഞ് ഒരു ഭരണിയിലാക്കി അതിലേക്ക് യീസ്റ്റ്, പഞ്ചസാരപ്പാനി, നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളം എന്നിവയിട്ട് മൂടിക്കെട്ടി വയ്ക്കുക.

6. എല്ലാ ദിവസവും രാവിലെ ഒരേസമയത്ത് ചിരട്ടത്തവികൊണ്ട് 5 മിനിറ്റുനേരം നല്ലതുപോലെ ഇളക്കുക.

7. 21-ാം ദിവസം അരിച്ചു മട്ടുമാറ്റി വീണ്ടും 21 ദിവസം അനക്കാതെ വയ്ക്കുക. പിന്നീട് ഉപയോഗിക്കുക.

8. കളര്‍ വേണമെന്നുണ്ടെങ്കില്‍ പഞ്ചസാര കരിച്ചു ചേര്‍ത്താല്‍ മതി.

"കൈതച്ചക്ക വൈന്‍"

ചേരുവകൾ

1. പൈനാപ്പിൾ- 1.5 കിലോ

2. പഞ്ചസാര - 1.25 കിലോ

3. തിളപ്പിച്ചാറ്റിയ വെള്ളം- 2.25 ലിറ്റർ

4. യീസ്റ്റ് - 1.5 ടീസ്പൂൺ

5. ഗോതമ്പ് - ഒരു പിടി -

6. കറുവപ്പട്ട - 1 ഇഞ്ച് കഷ്ണം

7. ഗ്രാമ്പൂ - 3 എണ്ണം

തയ്യാറാക്കുന്ന വിധം

പൈനാപ്പിൾ നന്നായി കഴുകി തുടച്ചു രണ്ടറ്റവും മുറിച്ചു ചെറുതായി അരിഞ്ഞെടുക്കുക. തൊലി ചെത്തിക്കളയണ്ട. മുള്ളു പോലെ കാണുന്നത് മാത്രം ചെത്തിക്കളഞ്ഞാൽ മതി. കുറച്ചു കഷണങ്ങൾ ഒന്ന് ചതച്ചെടുക്കണം. ചെറുചൂടുള്ള കാൽ കപ്പ് വെള്ളത്തിൽ അര ടിസ്‌പൂൺ പഞ്ചസാര, യീസ്റ്റ്, എന്നിവ ഇട്ട് ഇളക്കി കുറച്ച് സമയം മൂടി വയ്ക്കുക. അഞ്ച് ലിറ്റർ ഭരണിയിലേക്ക് മേൽ പറഞ്ഞ മിശ്രിതവും പൈനാപ്പിൾ, ഗോതമ്പ്, കറുവപട്ട, ഗ്രാമ്പൂ, എന്നിവയും വെള്ളത്തോടൊപ്പം ചേർത്ത് മൂടി കെട്ടി വയ്ക്കുക.

എല്ലാ ദിവസവും തടിതവി ഉപയോഗിച്ച് നന്നായി ഇളക്കിയ ശേഷം മുറുക്കി മൂടിവെയ്ക്കണം. ഏഴുദിവസം ഇങ്ങനെ തുടരണം. അത് കഴിഞ്ഞു രണ്ടാഴ്ച ഇളകാതെ വെയ്ക്കണം. ഇതിനു ശേഷം അരിച്ചെടുത്തു കുപ്പിയിലേക്ക് പകരാം. കുപ്പിയിൽ പകർന്ന് കുറച്ചു ദിവസം അനക്കാതെ വെച്ചാൽ വൈൻ നന്നായി തെളിഞ്ഞു കിട്ടും. ഈ അളവ് പ്രകാരം ഏകദേശം 3.5 ലിറ്റർ വൈൻ ഉണ്ടാക്കാൻ സാധിക്കും.

"റോസാപ്പൂ വൈന്‍"

"ചേരുവകള്‍"

1. റോസപ്പൂ ഇതളുകള്‍ — 12 ഔണ്‍സ്

2. പഞ്ചസാര — ഒന്നര കിലോഗ്രാം

3. വെള്ളം — 5 ലിറ്റര്‍

4. യീസ്റ്റ് — 5 ടീസ്പൂണ്‍

5. ഒരു നാരങ്ങയുടെ നീര്

"പാകം ചെയ്യുന്ന വിധം"

1. അളവു പ്രകാരമുള്ള വെള്ളം തിളപ്പിച്ച് അതില്‍ ഇതളുകള്‍ ഇട്ട് പത്ത് മിനിട്ട് തിളപ്പിക്കുക.

2. പിന്നീട് വെള്ളം അരിച്ചെടുത്ത് പഞ്ചസാരയും ചേര്‍ത്ത് ഉരുകുമ്പോള്‍ വീണ്ടും അരിക്കുക.

3. യീസ്റ്റ് ചേര്‍ത്ത് ഇളക്കി തണുക്കുമ്പോള്‍ ഭരണിയില്‍ ഒഴിച്ച് മൂടിക്കെട്ടി 21 ദിവസം വയ്ക്കുക.

4. എല്ലാ ദിവസവും രാവിലെ ഒരേസമയത്ത് ചിരട്ടത്തവികൊണ്ട് 5 മിനിറ്റുനേരം നല്ലതുപോലെ ഇളക്കുക.

7. പിന്നീട് കുപ്പികളിലാക്കുക

അപ്പോൾ എല്ലാവരും ഏതെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കുക..ഈസ്റ്ററിന് മുന്നോടിയായി .അടിപൊളി വൈൻ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം

NB:ഏത് വൈൻ ഉണ്ടാക്കിയാലും  പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

1. വൈന്‍ ഉണ്ടാക്കാൻ ഭരണിയാണ് നല്ലത്, ഇതിൽ ഒട്ടും വെള്ളത്തിന്റെ അംശം ഉണ്ടാവാൻ പാടില്ല.

2. ഭരണിയിൽ ചേരുവകൾ നിറയ്ക്കുമ്പോൾ മുക്കാൽ ഭാഗം മാത്രമാകാൻ ശ്രദ്ധിക്കുക. ബാക്കിഭാഗം ഫ്രീ ആയിരിക്കണം.

3. ചേരുവകള്‍ ഇളക്കുന്ന സ്പൂൺ മെറ്റൽ ആവരുത്. തടി കൊണ്ടുള്ള സ്പൂൺ ആണ് വേണ്ടത്.

4. ഈസ്റ്റും പഞ്ചസാരയും ഒരേ അളവിൽ എടുത്ത് അരകപ്പ് ചെറു ചൂടുവെള്ളത്തിൽ കലക്കി വയ്ക്കുക. ഏകദേശം 15 മിനിറ്റ് കഴിഞ്ഞു പൊങ്ങിയ ശേഷം മാത്രം ചേർക്കുക.

5. വൈനിൽ ചേർക്കുന്ന ഗോതമ്പ് കഴുകി ഉണക്കി ചതച്ചു കിഴിയാക്കി കെട്ടി ഇടുക.

6. വൈനിനു വീര്യം കൂട്ടാൻ മുരിങ്ങയുടെ തൊലി മുകൾഭാഗം കളഞ്ഞ് കഴുകി ചതച്ച് ചേർക്കാം.

7. പഞ്ചസാര കരിച്ചത് (കാരമൽ) ചേർക്കുമ്പോൾ വെള്ള ത്തിന്റെ അളവ് കൂടാതിരിക്കാൻ ശ്രദ്ധിക്കുക.

8. വൈനിൽ മുട്ട വെള്ള ചേർക്കുമ്പോൾ മുട്ടയുടെ മഞ്ഞ വീഴാതെ സൂക്ഷിക്കുക.

9. കനം കുറഞ്ഞ തുണികൊണ്ടു മാത്രം അരിക്കുക. മെറ്റൽ അരിപ്പകൾ ഉപയോഗിക്കരുത്.

10. ഇനി തയാറാക്കിയ വൈൻ കുടിക്കുമ്പോഴും ശ്രദ്ധിക്കണം. സിപ് ബൈ സിപ് ആയി നാവിന്റെ മധ്യഭാഗത്ത് കുറച്ച് നിർത്തി വേണം വൈൻ നുകരുന്നത് ആസ്വദിക്കാൻ. ഇത് നാവിന്റെ രുചിമുകുളങ്ങളെ ഉദ്ദീപിപ്പിക്കാൻ സഹായിക്കുന്നു എന്നും പഠനങ്ങൾ തെളിയിക്കുന്നു. ഒപ്പം ശുദ്ധമായ വൈൻ വായിൽ ഉണ്ടാക്കുന്ന ഹാനികരമായ ബാക്ടീരിയയെ തുരത്തുന്നു എന്നും സ്പെയിനിലെ ഗവേഷകർ സ്ഥിരീകരിച്ചിട്ടുമുണ്ട്.!

Comments

Popular posts from this blog

Time Bank for Senior Citizens in Parish

സമുദായ ശാക്തീകരണം

LOURDE HELP DESK.