The need for church act in kerala

നമുക്ക് വേണം മലബാർ നസ്രാണി യോഗം!!! 

ചർച്ച് ആക്ടിനെപ്പറ്റിയുള്ള ചർച്ചയിൽ മറന്നുപോയതോ ബോധപൂർവം തമസ്കരിച്ചതോ ആയ വിഷയമാണ് അല്മായ പ്രാതിനിത്യമുള്ള സഭാ ഭരണ സംവിധാനം. സഭാ ഭരണത്തിലെ അല്മായ പങ്കാളിത്തം പുറത്തുനിന്നു അടിച്ചേല്പിക്കാനുള്ളതല്ല, അത് ഉള്ളിൽനിന്നു തന്നെ വരേണ്ടതാണ്. ചർച്ച് ആക്ടിനോട് നമുക്ക് താല്പര്യം ഇല്ല, കാരണം സഭയുടെ സ്വത്ത് നമ്മുടെ സ്വത്ത് ആണ്; അത് നമ്മൾ ഇന്ത്യാ മഹാരാജ്യത്തിലെ നിയമങ്ങൾക്കനുസരിച്ച് ഭരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും. അതിന്റെ ഭരണക്രമം നിയന്ത്രിക്കാൻ പുറത്തുനിന്നു പ്രത്യേകം നിയമനിർമാണത്തിന്റെ ആവശ്യം നമുക്കില്ല. 

സിറോ മലബാർ സഭ അടിമുടി പുരോഹിത മേധാവിത്വം നിലനിൽക്കുന്ന സഭയാണ്. സഭാ നിയമപ്രകാരം ഭരണാധികാരം പുരോഹിതർക്ക് മാത്രമാണ്. പള്ളിയോഗങ്ങളും പാസ്റ്ററൽ കൗണ്സിലുകളുമെല്ലാം ഉപദേശക സമിതികൾ മാത്രമാണ്. പള്ളി തലത്തിലുള്ള കണക്കുകൾ പള്ളിക്കമ്മറ്റിയിൽ വായിക്കുന്നുണ്ടെന്നുള്ളത് ശരി തന്നെ. എന്നാൽ രൂപതാ തലത്തിലുള്ള കണക്കുകൾ അല്മായരാരും അറിയുന്നില്ല എന്നതാണ് വാസ്തവം; എന്തിനു രൂപതയിലെ വൈദികർ പോലും അറിയുന്നില്ല. ചർച്ച് ആക്ട് പോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ രൂപതാ തലത്തിലും ഇടവകാ തലത്തിലും ഉള്ള കമ്മിറ്റികളുലൂടെ നീണ്ട ലിസ്റ്റ് സഭാ നേതൃത്വം പുറത്ത് വിടും. പാസ്റ്ററൽ കൌൺസിൽ, ഫിനാൻഷ്യൽ കൌൺസിൽ, പ്രെസ്‌ബിറ്ററൽ കൌൺസിൽ തുടങ്ങിയ ഘനഗംഭീരമായ പാശ്ചാത്യ പദങ്ങൾ ഉപയോഗിച്ച് വിളിക്കുന്ന ഈ സമിതികളെല്ലാം വെറും നോക്കുകത്തികൾ മാത്രമാണ്. മെത്രാന്റെ ഗുഡ് ലിസ്റ്റിലുള്ള കുറെ വിദൂഷകൻ ഒരുമിച്ച്കൂടി കാപ്പി കുടിച്ച് മെത്രാന്റെ അപദാനങ്ങൾ വാഴ്ത്തുന്ന വിദൂഷകസംഘങ്ങൾ. 

വൈദികർ എന്തിനാണ് അല്മായരെ ഭയപ്പെടുന്നതും തീണ്ടാപ്പാട് അകലെ മാറ്റി നിർത്തുകയും ചെയ്യുന്നത്? വൈവാഹിക സ്ഥിരം ഡീക്കന്മാർ ലത്തീൻ സഭയിൽ പോലും സാധാരണമായിട്ടും നമ്മുടെ മെത്രാന്മാരും വൈദികരും എതിർക്കുന്നത് വൈദികർക്കും അല്മായർക്കും ഇടയിൽ ഡീക്കന്മാർ വന്നാൽ ആ അകലം കുറഞ്ഞുപോകുമോ എന്ന് ഭയന്നിട്ടാണ്. ഇക്കാര്യത്തിൽ ഓറിയന്റലുകളും ഓറിയന്റൽ വിരുദ്ധരും തുല്യരാണ്. പൗരസ്ത്യ പാരമ്പര്യം പറയുന്ന മഹാന്മാർക്കും പള്ളിയോഗം എന്ന മഹത്തായ പാരമ്പര്യം വേണ്ട. പൗരസ്ത്യ വിരുദ്ധ മഹാന്മാർക്കും ലത്തീൻ സഭയിലുള്ള സ്ഥിരം ഡീക്കന്മാരെ പോലും വേണ്ട. ഓരോ അച്ചന്മാരുടെ മുഷ്‌കും ധാർഷ്ട്യവും കണ്ടാൽ തോന്നും പള്ളീം പട്ടത്വവും അവരുടെ കുടംബസ്വത്ത് ആണെന്ന്. ഇടവകക്കാരെ സോപ്പിട്ടോ ഭീഷണിപ്പെടുത്തിയോ മെരുക്കി അവരെക്കൊണ്ട് സ്വന്തം പദ്ധതികൾ നടപ്പിലാക്കുന്നവരാണ് ഏറ്റവും നല്ല പുരോഹിതർ എന്ന മട്ടിലുള്ള പരിശീലനമാണ് സെമിനാരികളിൽ നൽകുന്നത്. 

അന്യരുടെ കണ്ണിൽ പൊടിയിടാനുള്ള കടലാസ്സ് സമിതികളല്ല, നമ്മുടെ പൈതൃകവും പാരമ്പര്യവും പ്രകാരമുള്ള ശക്തമായ പള്ളിയോഗമാണ് നമുക്ക് വേണ്ടത്. സിറോ മലബാർ സഭക്ക് പൊതുവായി മലബാർ നസ്രാണി യോഗം ഉണ്ടാവണം. മെത്രാന്മാരും ജനാധിപത്യ ക്രമപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന വൈദികരും സന്യസ്തരും അല്മായരും ചേരുന്ന ഈ മഹാ യോഗത്തെ നയിക്കാൻ നമുക്ക് നമ്മുടെ സമൂഹത്തിന്റെ കർത്തവ്യനായ അർക്കദിയാക്കോൻ വേണം. സഭയുടെ ഭൗതിക ഭരണം യോഗത്തോട് ചേർന്ന് ആർച്ച്ഡീക്കൻ നിർവഹിക്കട്ടെ. സഭയുടെ പ്രധാനപ്പെട്ട പൊതുകാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് മലബാർ യോഗം ആയിരിക്കണം. ആരാധനാ കാര്യങ്ങളും ആത്മീയ കാര്യങ്ങളും തീരുമാനിക്കാൻ പരിശുദ്ധ മെത്രാൻ സൂനഹദോസും വേണം. ഓരോ രൂപതയിലും പ്രാദേശിക യോഗങ്ങളും നമുക്ക് വേണം. ഈ യോഗങ്ങൾ മലബാർ യോഗത്തിന്റെ തന്നെ മാതൃകയിൽ പ്രവർത്തിക്കണം. രൂപതാ തലത്തിലെ എല്ലാ പ്രധാന തീരുമാനങ്ങളും ഈ യോഗം എടുക്കണം. ഇടവകാതല യോഗങ്ങളിൽനിന്നു രൂപതാ യോഗത്തിലേക്കും രൂപതാ യോഗത്തിൽനിന്നു മലബാർ യോഗത്തിലേക്കും വോട്ടിട്ട് പ്രതിനിധികളെ തിരഞ്ഞെടുക്കണം. കുടുംബകൂട്ടായ്മകളിൽനിന്നു വോട്ടിട്ട് ഇടവക യോഗപ്രതിനിധികളെ തിരഞ്ഞെടുക്കണം. 

സഭയുടെ ഭരണത്തിലുള്ള വിശ്വാസികളുടെ പങ്കാളിത്തം പുരോഹിതരുടെ ഔദാര്യമല്ല; സഭ വിശ്വാസികളുടേതാണ്, സഭ വിശ്വാസികളാണ്. അവരുടെ ഇടയിൽനിന്നും അവർക്ക് ആത്മീയ ശുശ്രൂഷ ചെയ്യാൻ വിളിക്കപ്പെട്ടവരാണ് പുരോഹിതർ. പുരോഹിതരെ പുറത്താക്കിയുള്ള അല്മായ ഭരണമോ അല്മായരെ പുറത്താക്കിയുള്ള പുരോഹിത ഭരണമോ അല്ല, പുരോഹിതരും അല്മായരുമെല്ലാം ചേർന്ന സഭയുടെ കൂട്ടായ ഭരണ നേതൃത്വമാണ് നമുക്ക് വേണ്ടത്.


Comments

Popular posts from this blog

Time Bank for Senior Citizens in Parish

സമുദായ ശാക്തീകരണം

LOURDE HELP DESK.